//
10 മിനിറ്റ് വായിച്ചു

സംസ്ഥാന-ദേശീയ പാതകളിലെ കുഴികൾക്കെതിരെ പ്രതിഷേധം;സംസ്ഥാന വ്യാപകമായി നാളെ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്

സംസ്ഥാന-ദേശീയ പാതകളിലെ കുഴികൾക്കെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

”ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്നു. നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാഴ കൊണ്ട് ഉദ്ദേശിച്ചത് ആഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.” പി കെ ഫിറോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ജീവൻ നഷ്ടമായിരുന്നു. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. കുഴിയിൽ വെളളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദേശീയപാതയിൽ ടാറിങ്ങ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയിൽ പെട്ടാണ് ഹാഷിമിന്റെ മരണം. ഇതിനുമുമ്പും നിരവധി യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!