തലശ്ശേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും വികസന ഫണ്ടും ഉപയോഗിച്ച് ധർമടം മണ്ഡലത്തിൽ പൂർത്തീകരിച്ച ഒമ്പതു പദ്ധതികളുടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പാലയാട് ഡയറ്റ് പ്രീ പ്രൈമറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിക്കും.ഗവ.കോളജിനും പാലയാട്, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഓഡിറ്റോറിയത്തിന് ഫർണിച്ചർ, സൗണ്ട് സിസ്റ്റം, നാല് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മാത്രമായി ഡൈനിങ് ഫർണിച്ചർ, മമ്മാക്കുന്ന് പാലത്തിന് തെരുവ് വിളക്ക്, പിണറായി ലക്ഷം വീട് സംരക്ഷണ ഭിത്തി, മുഴപ്പിലങ്ങാട് പുഴയോര ഭിത്തി നിർമാണം, ചേരിക്കൽ തോട് സംരക്ഷണം, മൗവ്വേരി തോട് സംരക്ഷണം, കുഞ്ഞിപ്പുഴ പാലം നിർമാണം, ഡയറ്റ് പാലയാട് കെട്ടിട നിർമാണം എന്നീ പത്തു പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന നിലയിലാണ് പാലയാട് ഡയറ്റിൽ നേരത്തേയുണ്ടായിരുന്ന പഴയ കെട്ടിടം തനിമ നിലനിർത്തി നാലുകെട്ടിന്റെ പ്രൗഢിയിൽ നവീകരിച്ചിട്ടുള്ളത്. ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങളടക്കം സജ്ജീകരിച്ചിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ. അഭിഷേക്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സോമരാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.