23 മിനിറ്റ് വായിച്ചു

കോര്‍പ്പറേഷന്‍ പരിധിയില്‍ എല്ലാവര്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച.

കോര്‍പ്പറേഷന്‍ പരിധിയില്‍ എല്ലാവര്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ ജനക്ഷേമകരവും നഗരത്തിന്‍റെ ഭാവി വികസനത്തിന് ഉതകുന്നതുമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്.

അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ അമൃത് നഗരങ്ങളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതാണ്. അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രയല്‍ റണ്‍ ഉടനെ നടത്തും. ഈ പദ്ധതിയില്‍ 51, 52 ഡിവിഷനുകളിലെ വീടുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതിന് 3 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മാണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ നടപടികള്‍ മൂലമാണ് ഫിനിഷിംഗ് ജോലികള്‍ വൈകുന്നത്. അത് വൈകാതെ പൂര്‍ത്തിയാക്കാനാകും. പയ്യാമ്പലം പുലിമുട്ട്, ചേലോറ പാര്‍ക്ക്, മറ്റ് പാര്‍ക്കുകള്‍, തോട് നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി 200 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

അമൃത് ഒന്നാം ഘട്ട പദ്ധതിയില്‍ 118 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് 26.25 കോടി രൂപയുടെ ഫ്ളോട്ടിംഗ് ഫണ്ടുള്‍പ്പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി വഴി നടപ്പിലാക്കുന്നത്. ഇതിനായി കോര്‍പ്പറേഷന്‍ പരിധിയില്‍ 164 കി മി ദൂരത്തില്‍ പൈപ്പിടുന്ന ജോലികള്‍ക്കായി ടെണ്ടര്‍ അംഗീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ കൂടുതലും സോണല്‍ ഏരിയകളിലാണ്. പഴയ മുനിസിപ്പല്‍ പ്രദേശത്ത് 20 കി മീ., ചേലോറ സോണലിന്‍റെ 46 കി മി, എളയാവൂര്‍ സോണലിന്‍റെ 19 കി മീ, എടക്കാട് സോണലിന്‍റെ 49 കി മീ, പുഴാതി സോണലിന്‍റെ 18 കി മീ, പള്ളിക്കുന്ന് സോണലിന്‍റെ 12 കി മീ എന്നിങ്ങനെയാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുക. എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ ഉള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും. കൂടാതെ നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും. പൈപ്പ് ലൈന്‍ വലിക്കാത്ത സ്ഥലങ്ങളിലുള്ളവര്‍ കോര്‍പ്പറേഷനില്‍ ആവശ്യപ്പെട്ടാല്‍ പുതുതായി ലൈന്‍ വലിച്ച് നല്‍കും. നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എം എല്‍ എ ഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ കുടിവെള്ള പൈപ്പ്ലൈന്‍ വലിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും. അങ്ങിനെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍ മാറും. 2024 മാര്‍ച്ച് 31 ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് ചാല അമ്പലത്തിന് മുന്‍വശം ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വ്വഹിക്കും.

അപേക്ഷാ ഫോമുകള്‍ കോര്‍പ്പറേഷന്‍ ഓഫീസ്, സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
പത്രസമ്മേളനത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങൾ, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുദീപ് കെ, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷര്‍ണ രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!