തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ഓപ്പണ്‍ ജയിലടക്കം 13 പുതിയ ജയിലിന് പദ്ധതി. നിര്‍മാണം പൂര്‍ത്തിയായ തവനൂര്‍ സെന്‍ട്രല്‍ ജയിലും നിര്‍മാണം അവസാനഘട്ടത്തിലായ കൂത്തുപറമ്ബ് സബ് ജയിലും തളിപ്പറമ്ബ് റൂറല്‍ ജില്ലാ ജയിലും ഉള്‍പ്പെടെയാണ് ഇത്.മണിമല, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓപ്പണ്‍ ജയില്‍ സ്ഥാപിക്കുക. സുപ്രീംകോടതിയുടെയും ഹൈക്കോടതി റിവ്യൂ കമ്മിറ്റിയുടെയും നിര്‍ദേശപ്രകാരവും കേന്ദ്ര മാനദണ്ഡവും അനുസരിച്ചാണ് കൂടുതല്‍ ജയില്‍ ആരംഭിക്കുന്നത്. പുതിയ ജയിലുകളില്‍ ആയിരത്തിലേറെ തടവുകാരെ പാര്‍പ്പിക്കാനാകും. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ 550 പേരെ ഉള്‍ക്കൊള്ളും.
വടകര റൂറല്‍, മണ്ണാര്‍ക്കാട്, വടക്കാഞ്ചേരി, എരുമപ്പട്ടി, വയനാട്, ഇടുക്കി, കാട്ടാക്കട, അടൂര്‍–-കോന്നി എന്നിവിടങ്ങളില്‍ പുതിയ ജയില്‍ ആരംഭിക്കും. വടകര, മണ്ണാര്‍ക്കാട് ജയിലുകള്‍ക്ക് സ്ഥലം ഏറ്റെടുത്തു. എരുമപ്പെട്ടി ജയിലിന് സ്ഥലം കണ്ടെത്തി. ഇടുക്കി, വയനാട്, അടൂര്‍–-കോന്നി, കാട്ടാക്കട ജയിലുകള്‍ക്ക് സ്ഥലം കണ്ടെത്തല്‍ പുരോഗമിക്കുന്നു. മട്ടാഞ്ചേരി ജയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വികസിപ്പിക്കും.പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 55 ജയിലാണ് ഉള്ളത്. ഇതില്‍ രണ്ട് ഓപ്പണ്‍ ജയിലും ഒരു ഓപ്പണ്‍ വനിതാ ജയിലും മൂന്ന് വനിതാ ജയിലും ഒരു അതീവ സുരക്ഷാ ജയിലും കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാന്‍ ഒരു ബോസ്റ്റല്‍ സ്കൂളുമുണ്ട്. ഒരു നൂറ്റാണ്ടിനുശേഷം കേരളത്തില്‍ പുതിയ സെന്‍ട്രല്‍ ജയില്‍ തവനൂരില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇത് താമസിയാതെ തുറക്കും.
നിലവില്‍ ജയിലുകളിലെ ശേഷി 6017 പേരാണ്. പുരുഷന്–- 5634, വനിത–- 382, ട്രാന്‍സ്ജെന്‍ഡര്‍–- ഒന്ന് എന്നിങ്ങനെ. എന്നാല്‍, ശനിയാഴ്ചത്തെ കണക്കുപ്രകാരം ആകെ തടവുകാര്‍ 8161 ആണ്. 966 പേര് പരോളിലാണ്. ബാക്കി 7195 പേര് 55 ജയിലിലായി തിങ്ങിക്കഴിയുന്നു. ഇതില്‍ 147 പേര് വനിതാ തടവുകാരാണ്. ഇവര്‍ക്കൊപ്പം നാല് കുട്ടികളുമുണ്ട്. തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളില്‍ 71 പേരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഇല്ല.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 734 തടവുകാരെയാണ് പാര്‍പ്പിക്കാനാകുക. എന്നാല്‍ 986 പേരുണ്ട്. വിയ്യൂരില്‍ 560ഉം 645ഉം ആണ്. കണ്ണൂരില്‍ 986 തടവുകാരെ പാര്‍പ്പിക്കാമെങ്കിലും 794 പേരാണ് ഉള്ളത്. തിരുവനന്തപുരം വനിതാ ഓപ്പണ്‍ ജയില്‍, വനിതാ ജയില്‍, വിയ്യൂര്‍, കണ്ണൂര്‍ വനിതാ ജയില്‍, മറ്റ് ജയിലുകള്‍ എന്നിവിടങ്ങളില്‍ 428 വനിതാ തടവുകാരെ പാര്‍പ്പിക്കാമെങ്കിലും 147 പേരാണ് ഉള്ളത്.റിമാന്‍ഡ്, വിചാരണ തടവുകാരെ അതത് ജില്ല, സ്പെഷ്യല്‍, സബ് ജയിലുകളില്‍ പാര്‍പ്പിക്കാന്‍ ആകാത്തതിനാലാണ് സെന്‍ട്രല്‍ ജയിലുകളില്‍ ആളുകള്‍ കൂടുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 242 പേര് റിമാന്‍ഡ്, വിചാരണത്തടവുകാരാണ്.