പിക്കപ്‌വാനിൽ മീൻ ലോഡിൽ ഒളിപ്പിച്ചുകടത്തിയ 156 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തഞ്ചാവൂർ രാജപുരം ആക്കൂർ തരങ്ങമ്പാടിയിൽ എസ്. മാരിമുത്തു (25), പൂമ്പുകാർ മയിലാടുംപാറയിൽ ശെൽവൻ (40) എന്നിവരെയാണ് എക്‌സൈസ് പരിശോധനയിൽ വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റിന് സമീപത്തുനിന്ന് പിടിച്ചത്.
വാഹനത്തിന്‍റെ മുകൾ ഭാഗത്തെ കെയ്‌സിൽ മീനും അടിഭാഗത്തെ കെയ്സുകളിൽ കഞ്ചാവുമാണ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒരുകോടി രൂപയിലേറെ വിലയുണ്ട്. ആന്ധ്രപ്രദേശിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടെ മീൻ മാർക്കറ്റിലെത്തിയാൽ വാഹനം നിർത്തി പോകണമെന്നാണ് ഇവർക്ക് നൽകിയ നിർദേശം.
കഞ്ചാവ് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു. അറസ്റ്റിലായവർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണികളാണെന്നും ഇതിനുമുമ്പും ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. പാലക്കാട് എക്‌സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ എൻ. നൗഫലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പാലക്കാട് സ്ക്വാഡ് സി.ഐ എ. സുരേഷ്, ഐ.ബി ഇൻസ്‌പെക്‌ടർ എൻ. നൗഫൽ, സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്, പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ബാലസുബ്രഹ്മണ്യൻ, പ്രിവന്‍റീവ് ഓഫസർമാരായ ആർ. വിശ്വനാഥ്, എസ്. വേണുകുമാർ, എസ്. സുരേഷ്, വി. കുമാർ, ബി. സുനിൽകുമാർ, എസ്. ശ്രീജി, എ. അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. ബെൻസൺ, സി. സന്തോഷ്, എം. അഷറഫലി, ടി.ആർ. വിജീഷ്, വി. സുജീഷ്, എസ്. സുഭാഷ്, ഡ്രൈവർ എ. ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.