/
13 മിനിറ്റ് വായിച്ചു

ഓൺലൈൻ ഗെയിമിങ്ങിന്‌ 28 ശതമാനം ജിഎസ്‌ടി ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം
ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏ‍ർപ്പെടുത്തി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിന്‌ നടപടി ആരംഭിച്ചതായി ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിലിന്റെ പ്രത്യേക ഓൺലൈൻ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജൂലൈ 11ന്‌ ചേർന്ന കൗൺസിലിന്റെ അമ്പതാമത്‌ യോഗമാണ്‌ വാതുവയ്‌പുകൾക്കും ഓൺലൈൻ ഗെയിമുകൾക്കും പന്തയ തുകയുടെ മുഖവിലയ്‌ക്ക്‌ നികുതി തീരുമാനിച്ചത്‌. ഇത്‌ പുനഃപരിശോധിക്കണമെന്നും സമ്മാനത്തുക കിഴിച്ചുള്ള പ്രവർത്തന മിച്ചത്തിന്‌ ജിഎസ്‌ടി നടപ്പാക്കണമെന്നും വൻകിട കമ്പനികളടക്കം ആവശ്യമുന്നയിച്ചെങ്കിലും പ്രത്യേക ജിഎസ്‌ടി കൗൺസിൽ യോഗം തള്ളി. ആറുമാസം കഴിഞ്ഞ്‌ ഇക്കാര്യത്തിൽ അവലോകനം നടത്തും. ലഭിക്കുന്ന സമ്മാനത്തുക വീണ്ടും പന്തയത്തിലിറക്കിയാൽ അത്‌ ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കും.

ഓൺലൈൻ വ്യാപാരം : ചെറുകിടക്കാർക്ക്‌ ജിഎസ്‌ടി രജിസ്‌ട്രേഷൻ 
ഒഴിവാക്കും
ചെറുകിട ഉൽപ്പാദകരുടെ ഇ–- വാണിജ്യ പ്രവർത്തനത്തിന്‌ ജിഎസ്‌ടി രജിസ്ട്രേഷൻ ഒഴിവാക്കും. ഇതിനായി എട്ട്‌ നിബന്ധനകൂടി  ജിഎസ്‌ടി നിയമത്തിൽ കൂട്ടിച്ചേർക്കും. ഒക്ടോബർ ഒന്നുമുതൽ വ്യവസ്ഥ പ്രാബല്യത്തിലാകും. നിലവിൽ ചരക്കിന്‌ 40 ലക്ഷം രൂപവരെയും, സേവനങ്ങൾക്ക്‌ 20 ലക്ഷം രൂപവരെയും വാർഷിക വിറ്റുവരവുള്ളവർ നിർബന്ധമായും ജിഎസ്‌ടി രജിസ്‌ട്രേഷൻ എടുക്കണം. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വിൽപ്പന നടത്തുന്നവർക്കും നിർബന്ധിത രജിസ്‌ട്രേഷൻ ആവശ്യമാണ്‌. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളെ ഇ–- വ്യാപാര പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വ്യവസ്ഥയാണ്‌ ഭേദഗതി ചെയ്യുന്നത്‌.

ഉൽപ്പാദകൻ സ്വന്തം സംസ്ഥാനത്തിനകത്ത്‌ ഓൺലൈൻ വിൽപ്പന പാടില്ലെന്നതാകും ആദ്യവ്യവസ്ഥ. ഒന്നിലധികം സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ വിൽപ്പന നടത്തുന്നവർക്ക്‌ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും. ഇത്തരത്തിൽ രജിസ്‌ട്രേഷൻ ഇല്ലാതെ ഓൺലൈൻ ബിസിനസ്‌ നടത്തുന്നവർക്ക്‌ പാൻ നമ്പർ നിർബന്ധമാക്കും.

ഇ–- വാണിജ്യ പോർട്ടൽവഴി ചരക്ക്‌ വിൽക്കുന്നവർ പാൻ നമ്പർ, ഉൽപ്പാദനത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രം, ഓൺലൈൻ ബിസിനസുവഴി ചരക്ക്‌ എത്തിക്കുന്ന സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം തുടങ്ങിയ കാര്യങ്ങൾ ഒരു പൊതുപോർട്ടലിൽ രേഖപ്പെടുത്തേണ്ടിവരും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!