12 മിനിറ്റ് വായിച്ചു

സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ 3 വർഷം തടവ്; സിനിമാട്ടോഗ്രാഫ് ബിൽ പാസാക്കി

ന്യൂഡൽഹി >  സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ-2023 ലോക്‌സഭ പാസാക്കി. സിനിമയുടെ വ്യാജ പതിപ്പ്‌ നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നുവർഷംവരെ തടവ്‌ നിഷ്‌കർഷിക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ്  സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ. രാജ്യസഭയിൽ  വ്യാഴാഴ്‌ച ബിൽ പാസാക്കിയിരുന്നു.

1957ലെ പകർപ്പവകാശ നിയമം അനുസരിച്ച്‌ ഉടമയുടെ അനുമതിയില്ലാതെ പരിമിതമായി ഉള്ളടക്കം ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതിയ ഭേദ​ഗതി പ്രകാരം സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവ് ലഭിക്കും. തടവിനു പുറമെ മൂന്നുലക്ഷംമുതൽ സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനംവരെ പിഴയും ഈടാക്കും. പൈറസിമൂലം രാജ്യത്തെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന നഷ്‌ടം തടയുന്നതിനാണ്‌ ഭേദഗതിയെന്ന്‌ കേന്ദ്രമന്ത്രി അനുരാഗ്‌ സിങ്‌ താക്കൂർ പറഞ്ഞു.

പ്രായത്തിനനസുരിച്ച് സിനിമകൾക്ക് നൽകിവന്നിരുന്ന സർട്ടിഫിക്കറ്റുകളിലും മാറ്റമുണ്ട്. ‘എ’ സർട്ടിഫിക്കേഷനുള്ള ചിത്രം പ്രായപൂർത്തിയായവർക്കുമാത്രം നിഷ്‌കർഷിക്കപ്പെടുന്നത്‌ തുടരും. ‘യുഎ’ സർട്ടിഫിക്കറ്റ്  പ്രായമനുസരിച്ച്‌ മൂന്നു വിഭാഗമാക്കി. ഏഴു വയസ്സിനു മുകളിലുള്ളവർ, 13 വയസ്സിനു മുകളിലുള്ളവർ, 16 വയസ്സിനു മുകളിലുള്ളവർ എന്നിങ്ങനെയാണ്‌ പുതിയ വിഭജനം. ഈ വിഭാഗക്കാർക്ക്‌ രക്ഷിതാക്കളുടെ മാർഗനിർദേശത്തോടെ മാത്രമേ ചിത്രങ്ങൾ കാണാൻ അനുവാദമുള്ളൂ. എ, എസ്‌ സർട്ടിഫിക്കറ്റുള്ള സിനിമകൾ ടെലിവിഷനിലോ മറ്റു മാധ്യമങ്ങളിലോ പ്രദർശിപ്പിക്കണമെങ്കിലും കേന്ദ്രത്തിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമാണ്‌. ടെലിവിഷനിലും ഒടിടി പ്രദർശനത്തിനുമായി പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

ഭേദഗതി നിലവിൽ വരുന്നതോടെ  സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ചലച്ചിത്രങ്ങൾ തിയറ്ററുകളിൽ നിന്നു പിൻവലിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ടായിരിക്കും. 1952ലെ സിനിമാറ്റോഗ്രാഫ് ബിൽ ഭേദഗതി ചെയ്‌തുകൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ബിൽ അവതരിപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!