നായാട്ടുപാറ | നായാട്ടുപാറയിലെ സാലിസൺസ് എന്ന സ്ഥാപനത്തിൽ നിന്ന് 300 മില്ലി കുടിവെള്ള കുപ്പികൾ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. സർക്കാർ 500 മില്ലിയിൽ താഴെ കുടിവെള്ള കുപ്പികളുടെ ഉൽപ്പാദനവും വിതരണവും നിരോധിച്ചതാണ്.
കഴിഞ്ഞ ഓണക്കാലത്ത് 300 മില്ലി വെള്ളക്കുപ്പികൾ കാറ്ററിങ് ഏജൻസികൾ വിതരണം ചെയ്തത് ശ്രദ്ധയിൽപ്പെട്ട എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലേബലിൽ നിന്ന് ഉൽപ്പാദന കേന്ദ്രം അന്വേഷിച്ച് കണ്ടെത്തുക ആയിരുന്നു.
24 കുപ്പി വീതമുള്ള 932 കെയ്സ് 300 മില്ലി വെള്ള കുപ്പികളാണ് പിടിച്ചെടുത്തത്. പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടി സ്വീകരിക്കാൻ കൂടാളി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പരിശോധനക്ക് ഇ.പി സുധീഷ്, കെ.ആർ അജയ കുമാർ, ഷരീകുൽ അൻസാർ, സി.എം അതുൽ എന്നിവർ നേതൃത്വം നൽകി.