8 മിനിറ്റ് വായിച്ചു

60 ലക്ഷം പേർക്ക്‌ 
3200 രൂപവീതം 
ഓണസമ്മാനം ; വെള്ള, നീല കാർഡുകാർക്ക്‌ 
5 കിലോ അരി

തിരുവനന്തപുരം
ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിന്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. അടുത്തയാഴ്‌ച വിതരണം ആരംഭിക്കും. 23നുള്ളിൽ എല്ലാവർക്കും പെൻഷൻ ലഭിച്ചുവെന്ന്‌ ഉറപ്പാക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക ലഭിക്കും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ തുക എത്തിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത്‌ എല്ലാ അവശജനവിഭാഗത്തിനും സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.
വെള്ള, നീല കാർഡുകാർക്ക്‌ 
5 കിലോ അരി
വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ അഞ്ചുകിലോ അരി ആഗസ്‌തിൽ നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന്‌ മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണയ്ക്കു പുറമെ അരലിറ്റർകൂടി നൽകും. 27, 28 ദിവസങ്ങളിൽ റേഷൻകടകൾ പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ അവധി നൽകും. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി റേഷൻ കട വഴി വിതരണം ചെയ്യുന്ന അരിയുടെ 70 ശതമാനവും പുഴുക്കലരിയാക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version