മട്ടന്നൂർ പഴശ്ശി കനാലിന് സമീപം വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ 63 കിലോഗ്രാം ചന്ദനം പിടികൂടി. ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കാർ നിർത്തിയ ഉടനെ പിറകിലെ സീറ്റിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു.
മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ.ഷൈജു, എം.ലിജിൻ എന്നിവരാണ് പിടിയിലായത്. ശിവപുരം സ്വദേശികളായ ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
സർക്കാർ-സ്വകാര്യസ്ഥലങ്ങളിൽനിന്ന് പ്രതികൾ ചന്ദനം മുറിച്ച് കടത്താറുണ്ടെന്ന് ഫ്ലയിങ് സ്ക്വാഡ് പറഞ്ഞു. കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. വി.രാജന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാണ്ടർ എഡ്വേർഡ്, കെ.വി.ശിവശങ്കർ, പി.പി.സുബിൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ചന്ദ്രൻ, പി.ഷൈജു, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി.പ്രജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.