ചെന്നൈ > തമിഴ്നാട് തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കർണാടകയിൽ തീർഥയാത്രയ്ക്ക് പോയ ശേഷം മടങ്ങിയിരുന്ന സംഘത്തിലുള്ളവരാണ് മരിച്ചത്. മിനി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനം പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഡ്രൈവർ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ബസിന്റെ മുൻവശത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. സെൽവി, മീര, ദേവകി, കലാവതി, സാവിത്രി, ഗീതാഞ്ജലി, ദേവനായി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.