/
10 മിനിറ്റ് വായിച്ചു

കൊല്ലം ജില്ലയിൽ 9 റോഡുകൂടി 
പുതുമോടിയിലേക്ക്

കൊല്ലം > ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ഒമ്പത്‌ റോഡ്‌ ഉന്നതനിലവാരത്തിലേക്ക്‌ ഉയരുന്നു. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളിലെ റോഡുകളാണ്‌ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നിർമിക്കുന്നത്‌. ഇതിൽ കൊട്ടാരക്കര മണ്ഡലത്തിലെ നാല്‌ റോഡിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ച്‌ കോടി രൂപ വിനിയോഗിച്ചാണ്‌ കൊട്ടാരക്കര  – വെളിനല്ലൂർ റോഡ്‌ നിർമാണം പൂർത്തിയാക്കിയത്‌. നെല്ലിക്കുന്നം – ചെപ്ര, അന്തമൺ – പട്ടാഴി റോഡിനും അഞ്ച്‌ കോടി രൂപ വീതം വിനിയോഗിച്ചു. കൊട്ടാരക്കര – പെരുങ്കുളം റോഡ്‌ 2.7കോടിരൂപയിൽ പൂർത്തീകരിച്ചു. കൊട്ടാത്തല മാർക്കറ്റ്‌ ജങ്‌ഷൻ മുതൽ ഇഞ്ചക്കാട്‌ വരെയുള്ള രണ്ട്‌ കിലോമീറ്റർ റോഡിന്റെ ടാറിങ്‌ കഴിഞ്ഞു. അനുബന്ധ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ട്‌ കോടി രൂപയാണ്‌ ഇതിന്റെ നിർമാണച്ചെലവ്‌.
ചടയമംഗലം മണ്ഡലത്തിൽ ഓയൂർ – അമ്പലംകുന്ന് – കൈതയിൽ – വാപ്പാല റോഡ്‌ 4.2 കോടി രൂപയിൽ നിർമാണം പുരോഗമിക്കുന്നു. ടാറിങ്‌ പൂർത്തിയായ റോഡിന്റെ പാർശ്വഭിത്തി നിർമാണവും ട്രാഫിക്‌ സംവിധാനങ്ങൾ ഒരുക്കുന്നതും അതിവേഗത്തിലാണ്‌. ചടയമംഗലം – പൂങ്കോട്‌ – ഇടക്കോട്‌ – വെട്ടുവഴി – വയയ്‌ക്കൽ റോഡ് ആറുകോടി രൂപയിലാണ്‌ നിർമാണം. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വീതി കൂട്ടുന്നത്‌ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ്‌ നിലവിൽ നടക്കുന്നത്‌.
പത്തനാപുരം മണ്ഡലത്തിൽ 4.5 കോടി രൂപയിൽ കിഴക്കേതെരുവ്‌ – പള്ളിമുക്ക്‌ – വെട്ടിക്കവല റോഡും നാലുകോടി രൂപയിൽ എട്ടിവിള ജങ്‌ഷൻ – അമ്പലത്തുംവിള ജങ്‌ഷൻ റോഡും ടാറിങ്‌ പൂർത്തിയായി. കലുങ്ക്‌, ഓട, സുരക്ഷാസംവിധാനങ്ങൾ എന്നിവയുടെ നിർമാണംകൂടി പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട യാത്രാസൗകര്യമുള്ള റോഡുകളായി മാറും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version