യു.ഡി.എഫ് കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇവിടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നത് ഒരു അപാകമായാണ് പ്രമേയാവതാരകന്‍ പറയുന്നത്. സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴും പരാതി ലഭിക്കുമ്പോഴും പൊലീസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നു എന്നതിന്‍റെ തെളിവുകൂടിയല്ലേ ഇത്. ഇത്തരം കേസുകളില്‍ അന്വേഷണത്തില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇവിടെയൊരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരിലുള്ള കേസിന്‍റെ എണ്ണം അദ്ദേഹം പറഞ്ഞു. 15 ആണത്രേ, അതില്‍ എത്ര കേസ് അദ്ദേഹം ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നുവെന്നത് മനസ്സിലാക്കിയിട്ടുണ്ടോ? ഒന്ന് അന്വേഷിച്ചു നോക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.