തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീം രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയാകും. സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്.ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായതിന് പിന്നാലെയാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.സി.പി.ഐയും സി.പി.എമ്മും ഓരോ രാജ്യസഭ സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ധാരണ.നിലവിൽ നിയമസഭയിലുള്ള അംഗസംഖ്യ അനുസരിച്ച് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാണ് ഇടതുമുന്നണിക്ക് സാധിക്കുക.കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സി.പി.ഐയുടെ രാജ്യസഭ സ്ഥാനാർഥി. യോഗത്തിൽ സീറ്റ് സി.പി.ഐക്ക് നൽകണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചിരുന്നു.നേരത്തെ എൽ.ഡി.എഫിലെ മറ്റ് കക്ഷികളും രാജ്യസഭ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എൽ.ജെ.ഡി, ജനതാദൾ (എസ്), എൻ.സി.പി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്.എൽ.ജെ.ഡി നേതാവ് വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിന് കൈമാറുകയായിരുന്നു. എന്നാൽ, ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് നിലപാടിലേക്ക് സി.പി.എം എത്തുകയായിരുന്നു.