ഇരിട്ടി: ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്ന മലയാളി കാര്‍ യാത്രികരിൽ നിന്ന് കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ . പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പാനൂര്‍ ടൗണിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ ചമ്പാട് അരയാക്കൂല്‍ സ്വദേശി പ്രിയങ്ക് എന്ന കുട്ടനെ (34)യാണ് ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ സുബ്രമണ്യ വീക്ഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാനൂരിലും തലശ്ശേരിയിലും എത്തി അന്വേഷണം നടത്തി പ്രിയങ്കിനെ കസ്റ്റഡിയില്‍ എടുത്തത്. കേസിൽ നേരത്തേ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രിയങ്കില്‍നിന്നായിരുന്നു കവര്‍ച്ചക്കിരയായ പാനൂര്‍ ഭാസ്‌കര ജ്വല്ലറി ഉടമ ഷബിനും സംഘവും സഞ്ചരിച്ച കാര്‍ വാടകക്കെടുത്തത്. ഹോട്ടല്‍ വ്യാപാരത്തിനൊപ്പം റെന്റ് എ കാര്‍ ബിസിനസും നടത്തിവരുന്ന ആളാണ് പ്രിയങ്ക്. ഷബിന്‍ കാർ വാടകക്കെടുത്ത് ബംഗളൂരുവിലേക്ക് പോയ വിവരം പ്രിയങ്ക് അക്രമി സംഘത്തിന് നൽകിയെന്നാണ് കര്‍ണാടക പൊലീസ് കണ്ടെത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു.
ജൂൺ 15ന് പുലർച്ചയോടെയായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ ഗോണിക്കുപ്പക്ക് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തടഞ്ഞുനിർത്തി രണ്ടു കാറുകളിലെത്തിയ സംഘം പണം മോഷ്ടിക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31), പന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരായിരുന്നു പ്രതികൾ. മണിക്കൂറുകൾക്കുള്ളിൽ വിരാജ്പേട്ട പൊലീസ് ഇവരെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവരെ പൊലീസ് മടിക്കേരിയിൽ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി.കവർച്ചക്കിരയായ ഷബിനും സഹയാത്രികരും പ്രതികളെ തിരിച്ചറിഞ്ഞു.തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതികളുടെ ചിത്രം കര്‍ണാടക പൊലീസ് പുറത്തുവിട്ടു. പ്രതികള്‍ കര്‍ണാടക ചുരം പാതയിലെ സ്ഥിരം കവര്‍ച്ച സംഘത്തില്‍ പെട്ടവരാണെന്ന് വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ചന്‍ രാജരസ് പറഞ്ഞിരുന്നു.