//
11 മിനിറ്റ് വായിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

തൃശ്ശൂരിൽ നിന്നും മങ്കരയിൽ എത്തിച്ച ശ്രീലക്ഷ്മിയുടെ മൃതദേഹം അൽപസമയത്തിനകം പാമ്പാടി ഐവര്‍മഠത്തിൽ സംസ്കരിക്കും.സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി. ഈ  മാസം മാത്രം മൂന്ന് മരണങ്ങളാണ് പേവിഷ ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version