പേരാമംഗലത്ത് പുഴുവരിക്കുന്ന മീനുമായി വരികയായിരുന്ന കണ്ടയ്‌നര്‍ ലോറി പിടികൂടി. ഗോവയില്‍ നിന്ന് കൊണ്ടുവന്ന 1,800 കിലോ മീനാണ് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പിടികൂടിയത്. വിവിധ മാര്‍ക്കറ്റുകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു മീന്‍. പേരാമംഗലത്ത് വെച്ചാണ് മീന്‍ ലോറി പിടികൂടിയത്. ദുര്‍ഗന്ധം വമിക്കുന്ന ലോറി കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. പേരാമംഗലം പൊലീസിന്റെ സഹായത്തോടെ ലോറി പിടികൂടുകയും പരിശോധന നടത്തുകയും ചെയ്തു. പത്ത് ദിവസം മുമ്പ് ഗോവയില്‍ നിന്ന് മീനുമായി പുറപ്പെട്ടതാണ് ലോറി. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മീന്‍ വിതരണം ചെയ്ത ശേഷം കുന്നംകുളം ചന്തയിലേക്ക് കൊണ്ടുപോകും വഴിയാണ് ലോറി പിടികൂടിയത്.ഡ്രൈവറും സഹായിയുമാണ് ലോറിയിലുണ്ടായിരുന്നത്.പിടിച്ചെടുത്ത മീന്‍ കുഴിച്ചിടാനാകാത്ത സാഹചര്യത്തില്‍ മീന്‍ വളമാക്കുന്ന കമ്പനിക്ക് നല്‍കാനാണ് തീരുമാനം. പന്നിത്തടത്തുള്ള കമ്പനിയിലേക്ക് പൊലീസ് സാന്നിധ്യത്തില്‍ മീന്‍ കൊണ്ടുപോയി.മീനിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇത്തരത്തില്‍ മായം കലര്‍ന്നതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം എത്തുന്നത് തടയാന്‍ തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും തീരുമാനം.