സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ ഗീതയെ റവന്യൂ വകുപ്പ് തെരഞ്ഞെടുത്തു. മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ഓഫീസിനുള്ള ബഹുമതി തൃശൂർ സ്വന്തമാക്കി. റവന്യൂ മന്ത്രി കെ രാജനാണ് റവന്യൂ വകുപ്പിലെയും സർവേ വകുപ്പുകളിലെയും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
റവന്യൂ വകുപ്പിൽ തഹസിൽദാർ മുതൽ കളക്ടർ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫീസർമാർക്കുവീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫീസിനും അവാർഡ് ഉണ്ട്.പാലക്കാട്ടെ ഡി അമൃതവള്ളിയാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ. ആലപ്പുഴയിലെ സന്തോഷ് കുമാർ ഡെപ്യൂട്ടി കളക്ടർ ജനറൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹനായി. പാലക്കാട് നിന്നുള്ള ബാലസുബ്രഹ്മണിയാണ് ലാൻഡ് റവന്യൂ വിഭാഗത്തിൽ മികച്ച ഡെപ്യൂട്ടി കളക്ടർ.റവന്യൂ റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കളക്ടർ ഡോ എം സി റെജിൽ, ലാൻഡ് അക്വിസിഷനില്‍ കാസർക്കോട് നിന്നുള്ള ശശിധരൻപിള്ള, ദേശീയപാത ലാൻഡ് അക്വിസിഷനില്‍ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ ഒ അർജ്ജുൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ.സർവേ വകുപ്പിൽ എസ് സലിം (കാസർക്കോട്), ആർ.ബാബു (ഇടുക്കി), എൻബി സിന്ധു (പത്തനംതിട്ട) എന്നിവർക്കാണ് മികച്ച ഡെപ്യൂട്ടി ഡയറക്ടർമാർക്കുള്ള പുരസ്കാരം ലഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ സംസ്ഥാന അടിസ്ഥാനത്തിലും ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ജില്ലാ അടിസ്ഥാനത്തിലും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24ന് കൊല്ലം ജില്ലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.