കൊച്ചി > അമ്മയെ വീട്ടിൽ പൂട്ടിയിട്ട് വെട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. മരട് തുരുത്തി അമ്പലത്തിന് സമീപം ബ്ലൂ ക്ലൗഡ്സ് അപാർട്ടുമെന്റ് എഫ് വൺ ഫ്ലാറ്റിൽ താമസിക്കുന്ന അച്ചാമ്മ എബ്രഹാമി (69)നെയാണ് മകൻ വിനോദ് എബ്രഹാം (50) വെട്ടി കൊലപ്പെടുത്തിയത്. വ്യാഴം വൈകിട്ട് അഞ്ചിനാണ് സംഭവം. അച്ചാമ്മയും മകൻ വിനോദും മാത്രമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്.
വ്യാഴം ഉച്ചയ്ക്കുശേഷം ഫ്ലാറ്റിൽ ബഹളം കേട്ടതിനെ തുടർന്ന് സമീപവാസികളും പൊലീസും നഗരസഭ കൗൺസിലറും എത്തി ഇരുവരെയും ശാന്തരാക്കി ശേഷം മടങ്ങിയതാണ്. തുടർന്ന് വൈകിട്ട് അഞ്ചിന് സമീപവാസികൾ ബഹളം കേട്ട് എത്തിയപ്പോഴാണ് അച്ചാമ്മയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്. അച്ചാമ്മയെ കൊലപ്പെടുത്തിയ ശേഷം വാക്കത്തിയുമായി മുറിയിൽ നിലയുറപ്പിച്ചിരുന്ന വിനോദിനെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
നിയമ ബിരുദധാരിയായ വിനോദ് പ്രാക്ടീസിന് പോകാതെയോ മറ്റു ജോലികൾ ചെയ്യാതെയോ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള സഹോദരിയാണ് ഇവരെ സാമ്പത്തികമായി സഹായിച്ചിരുന്നത്. വിനോദിന്റെ ആഢംബര ജീവിതത്തിന് പണം നൽകാത്തതിനാൽ അമ്മയുമായി നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മരട് പൊലീസ് പറഞ്ഞു.