വളര്‍ത്തുനായയെ പേര് വിളിക്കാതെ ‘നായ’യെന്ന് വിളിച്ചതില്‍ പ്രകോപിതനായ അയല്‍വാസി 62-കാരനെ മര്‍ദിച്ച് കൊന്നു. തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ തടിക്കൊമ്പ് സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമായ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയേല്‍, വിന്‍സെന്റ് എന്നിവരെ പോലീസ് പിടികൂടി. ഡാനിയേലാണ് 62-കാരനെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വളര്‍ത്തുനായയെ ഒരിക്കലും നായയെന്ന് വിളിക്കരുതെന്ന് ഡാനിയേലും കുടുംബവും പലതവണ രായപ്പനോട് ആവശ്യപ്പെട്ടിരുന്നു. അതിനു ഒരു പേരുണ്ടെന്നും അത് മാത്രമേ വിളിക്കാൻ പാടുളളുവെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ വളര്‍ത്തുനായയെ കെട്ടിയിടാത്തത് രായപ്പന് ചോദ്യംചെയ്യിതിരുന്നു, ഇതിനിടെയാണ് വ്യാഴാഴ്ച വീണ്ടും വളര്‍ത്തുനായയുടെ പേരില്‍ തര്‍ക്കമുണ്ടായത്.സമീപത്തെ കൃഷിയിടത്തിലേക്ക് പോവുകയായിരുന്ന കൊച്ചുമകനോട് ഒരു വടി കൈയില്‍ കരുതണമെന്നും നായ ഉണ്ടാകുമെന്നും രായപ്പന് പറഞ്ഞിരുന്നു. ഇത് കേട്ട ഡാനിയേല്‍, തന്റെ വളര്‍ത്തുനായയെ വീണ്ടും നായയെന്ന് വിളിച്ചതില്‍ പ്രകോപിതനായി. തുടര്‍ന്ന് രായപ്പനെ മര്‍ദിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. അടിയേറ്റ് വീണ രായപ്പന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനുപിന്നാലെ രക്ഷപ്പെട്ട ഡാനിയേലിനെയും കുടുംബത്തെയും വെള്ളിയാഴ്ചയാണ് പോലീസ് പിടികൂടിയത്.