പുതിയതെരു: ഗതാഗതക്കുരുക്കഴിക്കാന്‍ സിറ്റി റോഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വളപട്ടണം മന്ന റോഡ് പദ്ധതിക്ക് ഗതിവേഗം.വളപട്ടണം മന്ന മുതല്‍ പുതിയ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയാണിത്. 24 മീറ്റര്‍ വീതിയുണ്ടാകും. പുതിയതെരു സ്റ്റൈലൊ കോര്‍ണറിലെ നിലവിലുള്ള വളവ് നികത്താതെ പോകുന്ന റോഡ് നിര്‍മാണത്തില്‍ പള്ളിക്കുളത്തെ യോഗേശ്വര സമാധി മണ്ഡപവും നീക്കപ്പെടും.പൊടിക്കുണ്ടിലെ വലിയ വലിയ വളവ് നിലനിര്‍ത്തിയാണ് റോഡ് പോകുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജയിലിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തു റോഡ് നിര്‍മിക്കുമ്ബോള്‍ ജയില്‍ മുറ്റത്തുള്ള ഗാന്ധിപ്രതിമ നിലനില്ക്കും. ജയിലിന്റെ വലിയ ഭിത്തി പൊളിച്ച് ഉദ്ദേശം എഴുമീറ്ററോളം ഉള്ളില്‍ പ്രവേശിക്കുന്ന നിലയിലാണ് റോഡ്. ജയിലിന്റെ പടിഞ്ഞാറുഭാഗം ആവശ്യാനുസരണം ഒഴിഞ്ഞു ഭൂമി ഉണ്ടെങ്കിലും അലൈന്മെന്റ് തയാറാക്കിയവര്‍ അത് പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പൊളിക്കുന്ന മതില് നിര്‍മിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് നവീകരണവുമായി നാട്ടുകാരിലും വ്യാപാരികളില്‍ നിന്നും നിരവധി പരാതികളാണ് ഉയരുന്നത്.
വളപട്ടണം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റോഡ് പുതിയതെരു പട്ടണത്തിലെ പടിഞ്ഞാറുഭാഗത്തെ കടകമ്ബോളങ്ങള്‍ പൊളിച്ചുനീക്കിയാണ് നടപ്പാക്കുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍ നിലനിര്‍ത്തുകയും പ്രധാന വളവുകള്‍ നിവര്ത്താതെയുമാണ് അലൈന്മെന്റ്തയാറാക്കിയതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പുതിയ നാലുവരിപ്പാത വേളാപുരം വരെ നീട്ടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പുതിയതെരു പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തിലാണ്.വ്യാപാരം നടത്തുന്നതിനും ജീവിതാവശ്യത്തിനും വീട് നിര്‍മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി എടുത്ത ലോണുകളുടെ തിരിച്ചടവ് പ്രയാസത്തിലാകുമെന്നാണ് പരാതി. മിക്കവരുടെയും ജീവിതംതന്നെ തകര്‍ന്നു പോകുവാനുള്ള സാധ്യതയുണ്ടെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. 2013ലെ അലൈന്മെന്റ് 2018ല്‍ പുതുക്കിയപ്പോള്‍ നഗരത്തിന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് പുതിയതെരു റോഡ് നവീകരണ ആക്ഷന്‍ കമ്മിറ്റി കോഓഡിനേറ്റര്‍ മെഹ്റൂഫ് പറയുന്നു. റോഡ് സര്‍വേ നടപടികള്‍ തകൃതിയായി നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.