9 മിനിറ്റ് വായിച്ചു

ഇനി കാഴ്‌ചകളിലേക്ക്‌; ബിനാലെ വേദികളിൽ ഇന്നുമുതൽ പ്രവേശനം

ബിനാലെയുടെ എല്ലാ വേദികളും വെള്ളിമുതൽ സന്ദർശകർക്കായി തുറക്കും. കഴിഞ്ഞ 12ന്‌ ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാനവേദികളിലെ പ്രദർശനം ആരംഭിക്കാനായിരുന്നില്ല. പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസിൽ വെള്ളി പകൽ 12ന്‌ പതാക ഉയർത്തും. ക്യൂറേറ്റർ ഷുബിഗി റാവുവിന്‍റെ നേതൃത്വത്തിൽ കലാകാരന്മാർ സംവദിക്കും. രാവിലെ 10 മുതൽതന്നെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ‘നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിൽ വിവിധ വേദികളിലായി 40 രാജ്യങ്ങളിൽനിന്നുള്ള 87 സമകാല കലാകാരന്മാരുടെ സൃഷ്ടികളുണ്ട്.

ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നിവയാണ്‌ പ്രധാന വേദി. ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ 200 സൃഷ്‌ടികളുടെ പ്രദർശനം ഇവിടെയാണ്‌. കബ്രാൾ യാർഡ്, ടി.കെ.എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, എറണാകുളത്തെ ദർബാർഹാൾ ഗ്യാലറി എന്നിവിടങ്ങളും വേദിയാണ്‌. അർമാൻ ബിൽഡിങ്‌, വി.കെ.എൽ വെയർഹൗസ്, കെ.വി.എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നീ വേദികളിലാണ്‌ 60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്‌റ്റുഡന്‍റ്​സ്‌ ബിനാലെ.

ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് ഗ്യാലറികളിൽ പ്രവേശനം. ടിക്കറ്റ് നിരക്ക് 150 രൂപ. വിദ്യാർഥികൾക്ക്‌ 50 രൂപയും മുതിർന്ന പൗരൻമാർക്ക്‌ 100 രൂപയുമാണ്‌. ഒരാഴ്ചത്തെ ടിക്കറ്റിന്‌ 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. ബിനാലെ ടിക്കറ്റുകൾ ആസ്പിൻവാൾ ഹൗസിലെ കൗണ്ടറിനുപുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. ദർബാർഹാൾ ഗ്യാലറിയിൽ പ്രവേശനം സൗജന്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version