/
18 മിനിറ്റ് വായിച്ചു

സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്തില്ല ;കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാർക്കെതിരെ നടപടി. കുടുംബശ്രീ പ്രവർത്തകരുടെ കോർപറേഷൻ മാർച്ചിൽ ഡ്യൂട്ടി എടുത്ത പോലീസുകാർക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരെ പോലീസുകാർ ശ്രദ്ധിച്ചില്ല. ഇതിൽ പ്രകോപിതനായാണ് ഡി.ഐ.ജി. പതിനഞ്ചോളം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പോലീസുകാർക്ക് ഏഴു ദിവസം ഗാർഡ് ഡ്യൂട്ടി ശിക്ഷയാണ് വിധിച്ചത്.കണ്ണൂർ കോർപ്പറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ചായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മാർച്ച്. മേയർ അഡ്വ .ടി.ഒ. മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു. കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്.സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. 20 മിനിട്ടോളം സമയം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു. ടൗൺ സി.ഐ. ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.കോർപ്പറേഷൻ പരിസരം സംഘർഷഭരിതമായിരുന്നപ്പോഴാണ് ക്യാമ്പ് ഓഫീസിൽ നിന്ന് ഡി.ഐ.ജി. അതുവഴി കടന്നു പോയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ അത് ശ്രദ്ധിച്ചില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ആരെന്ന് പരിശോധിച്ചാണ് ഡി.ഐ.ജി. നടപടി സ്വീകരിച്ചത്. സംഘർഷം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത് സേനയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, പോലീസിന്റെ പിന്തുണയോടു കൂടിയാണ് കുടുംബശ്രീ പ്രവർത്തകർ മേയറെ കയ്യേറ്റം ചെയ്തത് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. കോർപ്പറേഷൻ കോമ്പൗണ്ടിൽ സംഘർഷം ഉണ്ടാകും എന്ന് വ്യക്തമായിരുന്നിട്ടും പോലീസ് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ല എന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.കോർപ്പറേഷൻ ഭരണസമിതിയിൽ നിന്നും  പ്രതിഷേധക്കാരിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഒരേ പോലെ പഴി കേൾക്കേണ്ട സാഹചര്യമാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടായത്. ഇത് സേനയുടെ മനോവീര്യം തകർക്കുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.കണ്ണൂരിൽ ഡി.ഐ.ജി. ആയി ചുമതലയേറ്റ രാഹുൽ ആർ. നായർ പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ആദ്യഘട്ടത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് പിറന്നാൾ ദിനത്തിലും ജീവിതപങ്കാളിയുടെ പിറന്നാൾ ദിനത്തിലും വീട്ടിലെ വിശേഷദിവസങ്ങളിലും അടിയന്തര ക്രമസമാധാന പ്രശ്നം ഇല്ലെങ്കിൽ അവധി നൽകണമെന്ന് ഡി.ഐ.ജി. സർക്കുലർ ഇറക്കിയിരുന്നു.പൊലീസ് ഉദ്യോഗസ്ഥർക്കോ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇതു ലഭ്യമാക്കണം എന്നും ഒന്നും വ്യക്തമാക്കിയിരുന്നു. അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട സഹായ അഭ്യർത്ഥനകൾ തിരുവനന്തപുരത്തെ പോലീസ് വെൽഫയർ ബ്യൂറോയിലേക്ക് കാലതാമസം കൂടാതെ അയച്ച് നൽകണമെന്നും സർക്കുലറിൽ എടുത്തുപറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version