തിരുവനന്തപുരം: നിയമം ലംഘിച്ച് കേരളത്തിലേക്ക് അതിഥി തൊഴിലാളി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്റെ ചോദ്യത്തിലായിരുന്നു മറുപടി.ആര്‍ക്ക് വേണമെങ്കിലും ഏജന്റായി സ്വയം പ്രഖ്യാപിച്ച് തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ ചൂഷണം ചെയ്യുന്ന നില ഇന്നുണ്ട്. ഇതിന് തടയിടാന്‍ യോഗ്യത നിശ്ചയിച്ച് ഏജന്റുമാര്‍ക്ക് ലൈസന്‍സ് നടപ്പാക്കാന്‍ ലേബര്‍ വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനായി അവരുടെ ഭാഷയില്‍ സാംസ്‌കാരികോത്സവം ഉള്‍പ്പെടെ നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.ഇക്കാര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയം, ഭാഷ വെല്ലുവിളി എന്നിവ കൂടി പരിഗണിക്കും.കേരളത്തിന്റെ എല്ലാ തൊഴില്‍ മേഖലയിലും സാന്നിധ്യവും സഹായവും നല്‍കുന്ന അതിഥി തൊഴിലാളികള്‍ക്ക് സാംസ്‌കാരിക-വിദ്യാഭ്യാസ-കലാരംഗത്തുള്‍പ്പെടെ മറ്റുതൊഴിലാളികള്‍ക്ക് ചെയ്യുന്ന എല്ലാ സൗകര്യവും ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി.രണ്ട് പേര്‍ക്ക് മാത്രം താമസിക്കാവുന്ന വീട്ടില്‍ പോലും പത്തിലധികം തൊഴിലാളികള്‍ താമസിച്ചുവരുന്ന കാര്യം സഭയില്‍ അനൂപ് ജേക്കബ് ചൂണ്ടികാട്ടി. ഇക്കാര്യം ആരോഗ്യ വകുപ്പോ തൊഴില്‍ വകുപ്പോ പൊലീസോ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ സ്വതന്ത്രമായി താമസിക്കാന്‍ സ്ഥലം കൊടുത്താന്‍ പോലും വൈകുന്നേരം തൊഴിലാളികള്‍ ഒത്തുകൂടുന്ന സാഹചര്യം ഉണ്ടെന്നും ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി മറുപടി നല്‍കി.