നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ജാമ്യം. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വിജീഷ്. വിജീഷിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികളില്‍ ഇനി പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും കേസില്‍ ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം തൃശ്ശൂര്‍ അത്താണി മുതല്‍ വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിരുന്നു. അതിനിടെ, പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള വസ്ത്ര വില്‍പനശാലയായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.