നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന സംവിധായകന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ദിലീപിനെ പരിചയപ്പെട്ടതു മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതിയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച രഹസ്യ മൊഴിയെടുക്കൽ അഞ്ചരമണിക്കൂർ നേരം നീണ്ടു. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.