//
14 മിനിറ്റ് വായിച്ചു

ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 28ാം തീയ്യതിയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.എന്നാല്‍ കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണമായിരുന്നു ക്രൈംബ്രാഞ്ച് കോടതില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. ഫോണിലെ ചില ചാറ്റുകള്‍ ഉള്‍പ്പെടെ നീക്കിയെന്ന് ദിലീപ് തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോണില്‍ നിന്നും 12 നമ്പറുകളിലേയ്ക്ക് അയച്ച സന്ദേശങ്ങള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് സത്യവാങ്മൂലത്തിലൂടെ ദിലീപ് സമ്മതിച്ചത്. എന്നാല്‍ എത്ര സന്ദേശങ്ങള്‍ നശിപ്പിച്ചുവെന്നോ, എതൊക്കെയാണ് നശിപ്പിച്ചതെന്നോ വ്യക്തമാക്കാന്‍ ദിലീപ് തയ്യാറായിട്ടില്ല. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യസംഭാഷണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ദിലീപ് ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും വാദിക്കാനായിരുന്നു കോടതിയില്‍ ശ്രമിച്ചത്.വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദീലീപ് വാദിച്ചിരുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ദിലീപ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ദാസന്‍ 2020 ഡിസംബറില്‍ തന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചുവെന്നും 2021 ഓക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നുമായിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version