കണ്ണൂർ:എഡിഎം എംകെ നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും ആവശ്യപ്പെട്ടു.മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിച്ച് ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥനായ ജില്ലാ കലക്ടറുടെയും, കീഴ്ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് അപമാനിച്ചതിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കടന്നുവന്നത് തന്നെ തെറ്റാണ്. ആ സദസ്സിൽ വച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനെ അപമാനിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് എ ഡി എമ്മിനോട് ഉണ്ടായ വ്യക്തി വിരോധം തീർക്കാനാണ്. അതിനാൽ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും, പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ നിയമപാലകർ തയ്യാറാവണമെന്നും ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.