//
7 മിനിറ്റ് വായിച്ചു

‘തെരുവിൽനിന്ന് അരുമകളായി വീട്ടിലേക്ക്’;20 തെരുവ്നായ്ക്കുഞ്ഞുക്കൾക്ക് സംരക്ഷണമൊരുക്കി കണ്ണൂർ കോർപ്പറേഷന്റെ അഡോപ്‌ഷൻ ക്യാംപ്

കണ്ണൂർ : സ്നേഹത്തോടെ കൈയിലെടുത്തപ്പോൾ അവൻ പ്രയാണിന്റെ നെ‍ഞ്ചോട്‌ ചേർന്നുകിടന്നു. തന്റെ പുതിയ കൂട്ടുകാരനെ വീഡിയോകോളിലൂടെ മുത്തശ്ശിയെ പരിചയപ്പെടുത്തി. ഇത്‌ കണ്ടുനിന്ന മേയർ ടി.ഒ.മോഹനൻ ചോദിച്ചു, ഇവനൊരു പേരുവേണ്ടേ.ഒന്നാലോചിക്കാതെ പ്രയാൺ തന്റെ ഹീറോ കെ.ജി.എഫ്. നായകന്റെ പേര്‌ പറഞ്ഞു ‘റോക്കി’. പാലും ബിസ്കറ്റുമെല്ലാം കഴിച്ച് കഴുത്തിൽ കുഞ്ഞുറിബ്ബണും കെട്ടി റോക്കി വീട്ടിലേക്ക് പോകാൻ തയ്യാറായി.ഇനി ഇവ തെരുവനായകളല്ല, റോക്കി, ജൂലി തുടങ്ങിയ വിവിധ പേരുകളിൽ വീടിന്റെ അരുമകളാവും. കോർപ്പറേഷനും പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ കണ്ണൂരും ചേർന്ന് സംഘടിപ്പിച്ച നാടൻ നായക്കുട്ടികളുടെ ദത്തെടുക്കൽ ക്യാമ്പിലൂടെ 20 നായക്കുട്ടികൾക്ക് വീടിന്റെ സംരക്ഷണമൊരുക്കാനായി.കണ്ണൂർ മഹാത്മാമന്ദിരത്തിലായിരുന്നു ക്യാമ്പ്. പ്രതിരോധകുത്തിവെപ്പ്‌ നൽകി സൗജന്യമായാണ് നായകളെ ദത്തുനൽകിയത്. ചിലർക്ക് തങ്ങൾ ഭക്ഷണംനൽകി സംരക്ഷിച്ച തെരുവുനായകളെ പുതിയ ഉടമസ്ഥന് കൈമാറുമ്പോൾ ചെറിയ ആശങ്കളുണ്ടായിരുന്നു. അവയുടെ ശീലങ്ങളും ഇഷ്ടഭക്ഷണവുമെല്ലാം അവർ ദത്തെടുക്കാനെത്തിയവരെ പറഞ്ഞുപഠിപ്പിക്കുന്നുണ്ടായിരുന്നു. കല്ലേറും ഭക്ഷണവുമില്ലാതെ പേടിച്ച് കഴിയേണ്ടല്ലോ ഇവയ്ക്ക് എന്ന ആശ്വാസത്തിലായിരുന്നു മറ്റു ചിലർ. ബാക്കിയായവയെ കൊണ്ടുവന്നവർ തിരിച്ചുകൊണ്ടുപോയി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version