കണ്ണൂര്‍: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പില്‍ അച്ചടിച്ചതു കൊണ്ട് വിദ്യാഭ്യാസവകുപ്പ് എന്താണുദ്ദേശിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ അച്ചടിക്കുന്നതാണ് പരമ്പരാഗതരീതി. കുട്ടികള്‍ക്ക് വായനാസൗകര്യത്തിനുതകുന്ന ഈ രീതി മാറ്റി കണ്ണിനെ കുഴക്കുന്ന ചുവപ്പുമഷിയില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത് രാഷ്ട്രീയതിമിരം ബാധിച്ച വിദ്യാഭ്യാസമന്ത്രിയുടെ പ്രീതി സമ്പാദിക്കാനാണോയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. കേന്ദ്രത്തില്‍ സംഘപരിവാറിന്റെ കാവിവത്കരണത്തെ പിന്തുടര്‍ന്ന് കേരളത്തില്‍ സകലതും ചുവപ്പുവത്കരിക്കുന്നതിന്റെ ഭാഗമാണോ കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിയെന്ന് സംശയിക്കേണ്ടി വരും. ചോദ്യപേപ്പര്‍ ചുവപ്പില്‍ അച്ചടിച്ചതും മൂലം കുട്ടികള്‍ വല്ലാതെ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായിട്ടും അതിനെ നിസാരവല്‍ക്കരിക്കാനാണ് മന്ത്രി ശിവന്‍കുട്ടി ശ്രമിക്കുന്നത്. ചോദ്യപേപ്പര്‍ ചുവപ്പില്‍ അച്ചടിച്ചാല്‍ അത് വായിച്ചെടുക്കാന്‍ പ്രയാസമാകുമെന്ന് നേത്രവിദഗ്ധരോടന്വേഷിച്ചാല്‍ മന്ത്രിക്കു മനസിലാക്കാവുന്നതേയുള്ളൂ. ചുവപ്പിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം മനസില്‍ പേറി നടക്കുന്നവര്‍ക്കു മാത്രമായിരിക്കും ഇതില്‍ ഭംഗി തോന്നുക. ഇങ്ങനെയാണെങ്കില്‍ നാളെ അധ്യാപകര്‍ ചുവന്ന മുണ്ടുടുത്തു വരണമെന്നും അധ്യാപികമാര്‍ ചുവന്ന സാരി ധരിക്കണമെന്നും ഈ മന്ത്രി കല്‍പ്പന പുറപ്പെടുവിച്ചാലും അത്ഭുതമില്ലെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു.