അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം.തമ്പാനൂരിൽ നിന്നാണ് രാജ്ഭവൻ മാര്‍ച്ച് ആരംഭിച്ചത്. വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ച്ച്. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ടി.ഒ.ഡി പിൻവലിക്കണമെന്നും സേനയിൽ സ്ഥിര നിയമനം വേണമെന്നും ഇവർ ഉന്നയിക്കുന്നു.കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. അതിനിടെ അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി.നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.