/
12 മിനിറ്റ് വായിച്ചു

അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിൽ കാർഷിക മേഖലയെ മാറ്റും: മന്ത്രി പി. പ്രസാദ് 

അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിലേക്ക് കാർഷിക മേഖലയെ മാറ്റിത്തീർക്കുകയാണ് സംസ്ഥാന സർക്കാറിന്‍റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദർശന്‍റെ ഭാഗമായി പിണറായി കൺവെൻഷൻ സെനററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ വലിയ മാറ്റത്തിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ കർഷകരുമായുള്ള ആശയ വിനിമയത്തിലൂടെ നേരിട്ടറിയുക, കൃഷിയിടത്തിൽ വച്ച് പ്രശ്‌ന പരിഹാരവും തീരുമാനങ്ങളും കൈക്കൊള്ളുക, മൂല്യവർധിത സാധ്യതകൾ ഉപയോഗപ്പെട്ടത്തി പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കുക എന്നിവയാണ് കൃഷി ദർശന്‍റെ ലക്ഷ്യം. സംസ്ഥാനത്തെ രണ്ടമാത്തെ കൃഷി ദർശനാണ് തലശ്ശേരിയിൽ നടന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ തലശ്ശേരി ബ്ലോക്കിലെ 70 ഹെക്ടറിൽ പുതുതായി നെൽ കൃഷിയിറക്കും. സംയോജിത കൃഷി പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി കൃഷി വകുപ്പ് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ഉത്തരവിട്ട് കഴിഞ്ഞു. ഓരോ കൃഷി ഭവനും ഒരു മൂല്യവർധിത കാർഷിക ഉൽപ്പന്നം ഉണ്ടാക്കണമെന്നാണ് തീരുമാനം. ഇതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ (വാം) യാഥാർഥ്യമാവുകയാണ്. അടുത്ത വർഷം കേരള അഗ്രോ ബിസിനസ് കമ്പനി ആരംഭിക്കും-മന്ത്രി പറഞ്ഞു. കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷൻ 26 പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 2023ൽ നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. കുട്ടികളുടെ കാർഷിക സേന രൂപീകരിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 25000 കൃഷിക്കൂട്ടങ്ങളാണ് സംസ്ഥാനത്ത് രൂപീകരിച്ചത്. ഇതിൽ 80 ശതമാനം കൃഷിക്കൂട്ടങ്ങൾ ഉൽപാദന മേഖലയിലും 20 ശതമാനം സംഭരണ, സംസ്‌കരണ, മൂല്യവർധിത, വിപണന മേഖലകളിലും പ്രവർത്തിക്കും. യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കൃഷി സെക്രട്ടറി ബി. അശോക്, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ കൃഷി ഡയരക്ടർ ചുമതലയുള്ള ജോർജ് അലക്‌സാണ്ടർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version