/
9 മിനിറ്റ് വായിച്ചു

എ ഐ ക്യാമറ: ഒരുമാസം കൊണ്ട്‌ സംസ്ഥാനത്ത്‌ റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു

തിരുവനന്തപുരം > എ.ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂൺമാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്‌തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ്  ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 73887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തത് 30213,  കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 49775,  മൊബൈൽ ഫോൺ ഉപയോഗം 1846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ  റൈഡ് 1818  തുടങ്ങിയവയാണ് ജൂൺ 5 മുതൽ ജൂലൈ 3 വരെ കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!