//
15 മിനിറ്റ് വായിച്ചു

എ കെ ജി സെന്റർ ആക്രമണം ;കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ .അന്തിയൂർക്കോണം സ്വദേശിയെ പോലീസ് ചോദ്യത്തെ ചെയ്യുന്നു .കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .അതേസമയം എ കെ ജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യു ഡി എഫ് .ഇന്ന് യു ഡിഎഫ് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റിലേക്കും മാർച്ച് നടത്തും.

ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഐഎം പ്രതിഷേധ സമരമുണ്ടായിരുന്നു. എകെജി സെന്ററിന് നേരെ നടന്നത് ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു. ”സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്ററിന് നേരെ രാഷ്ട്രീയ എതിരാളികളുടെ അതിക്രമം ഇത് മൂന്നാം തവണ. ഒരിക്കല്‍ കോണ്‍ഗ്രസ് നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് ആശീര്‍വാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായി. 1983 ഒക്ടോബറില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്റര്‍ ആക്രമിച്ചത്. പാളയത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്.”- വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

”1991ല്‍ എകെജി സെന്ററിന് മുന്നില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു. പാര്‍ട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോള്‍ പൊലീസ് എ കെ ജി സെന്ററിന് നേരെ വെടിയുതിര്‍ത്തു. അക്രമത്തെ തള്ളിപ്പറയാന്‍ പോലും അന്ന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. പ്രകടനമായെത്തിവര്‍ക്ക് പകരം ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നതുമാത്രമാണ് വ്യത്യാസം.”,എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി 11.25നാണ് സ്കൂട്ടറിൽ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് സ്‌ഫോടക വസ്തു വീണത്.ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വീടിനും കെപിസിസി പ്രസിഡന്റിന്റെ വീടിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാനാകാത്തതിൽ വലിയ വിമർശനങ്ങളാണ് പൊലീസിനെതിരെ ഉയരുന്നത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!