//
13 മിനിറ്റ് വായിച്ചു

‘പ്രതിയെ കുറിച്ച് ഒരു സൂചനയുമില്ല’; എകെജി സെന്റർ ആക്രമണം നടന്ന് ഇന്നേക്ക് ഒരു മാസം

എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.കേരളത്തിലാകമാനം പ്രതിഷേധങ്ങളും അക്രമങ്ങളും സൃഷ്ടിച്ച കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സിപിഐഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു.

പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

സംഭവത്തിന് പിന്നാലെ എ കെ ജി സെന്ററിന് മുന്നിൽ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിയമസഭയിലും വിഷയം ചർച്ചയായി. ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ് പി എസ്. മധുസൂദനന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ അന്വേഷണ സംഘം കേസിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കണ്ടറിയാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!