എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ ജിതിന് സംഭവവുമായി ബന്ധമില്ലെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിനെ തള്ളിപ്പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമെ അറസ്റ്റിനെ കാണുന്നതെന്നും ബല്‍റാം പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണം നടത്തിയ ആള് എത്തിയത് ഡിയോ വാഹനത്തിലാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ജിതിന് ഡിയോ സ്കൂട്ടറില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടുണ്ടായ അസ്വസ്ഥതയാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് ബല്‍റാം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന് യൂത്ത് കോണ്‍ഗ്രസിന്റെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്. ജിതിനാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.