/
8 മിനിറ്റ് വായിച്ചു

ആലപ്പുഴ ഒരുങ്ങി; നെഹ്‌റു ട്രോഫി ജലപ്പോരിന്‌ ഇനി മണിക്കൂറുകൾ

ആലപ്പുഴ > അണിഞ്ഞൊരുങ്ങി നഗരവീഥികൾ… രാത്രികളെ ആഘോഷമാക്കി കലാസന്ധ്യ… പുന്നമടയുടെ ഓളപ്പരപ്പിൽ ആവേശംകോരിയെറിഞ്ഞ്‌ ചുണ്ടൻമാരുടെ പരിശീലനം… കാതോർത്താൽ കേൾക്കാം ആലപ്പുഴയുടെ ഹൃദയമിടിപ്പിനിപ്പോൾ വഞ്ചിപ്പാട്ടിന്റെ താളമാണ്‌. 2017നുശേഷം ടൂറിസം കലണ്ടർ പ്രകാരം വീണ്ടുമെത്തുന്ന നെഹ്‌റുട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത പ്രഭാതം മിഴിതുറക്കുക ജലയാനങ്ങളുടെ മഹാപോരിലേക്ക്‌. ശനി പകൽ 11 മുതൽ ഒമ്പതുവിഭാഗങ്ങളിലായി 72 കളിവള്ളങ്ങൾ മാറ്റുരയ്‌ക്കും. പകൽ രണ്ടിന്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാൻഡിങ്‌ ഇൻ ചീഫ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം സിബിഎല്ലിന്റെ ഭാഗമായാണെങ്കിൽ ഇത്തവണ തനതായാണ് നെഹ്‌റുട്രോഫി സംഘടിപ്പിക്കുന്നത്.
വള്ളങ്ങൾക്കുള്ള ബോണസും മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിച്ചതായി എൻബിടിആർ സൊസൈറ്റി ചെയർപേഴ്‌സൺ കലക്‌ടർ ഹരിത വി കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എൻടിബിആർ സൊസൈറ്റി സെക്രട്ടറി സൂരജ് ഷാജി, പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ എസ് സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം സി സജീവ് കുമാർ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version