സംസ്ഥാനത്തെ മാലിന്യ സംസ്കരണം പഠിക്കാൻ അമിക്കസ്‌ക്യൂറിമാരെ നിയമിക്കുമെന്ന് ഹൈക്കോടതി. മാലിന്യസംസ്‌കരണത്തിന് കോടതി മേൽനോട്ടം വഹിക്കുമെന്നും ജസ്റ്റിസ് ഭാട്ടി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ മാലിന്യ സംസ്‌കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊച്ചിക്കാരെ മുഴുവൻ ബോധവൽക്കരിക്കുന്നതിലും നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടൈക്കനാലിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നത് മാതൃക ആക്കണം. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല.ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.ബ്രഹ്മപുരത്തെ പുകയും തീയും പൂർണമായി അണച്ചെങ്കിലും നിരീക്ഷണം തുടരുമെന്ന് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. പകുതി ഫയർ യൂണിറ്റുകളും ബ്രഹ്മപുരത്ത് ഉണ്ട്. വായുവിന്റെ ഗുണനിലവാര സൂചിക സാധാരണ നിലയിലേക്കെത്തിയെന്നും കലക്ടർ കോടതിയെ അറിയിച്ചു.