രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 29നായിരുന്നു നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക കാരണങ്ങളാൽ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.കേരളം ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലേക്കാണ് അമിത്‌ഷായുടെ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമബംഗാളിലാണ് അമിത് ഷാ. മെയ് 9ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തുന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷമുള്‍പ്പടെ നിരവധി പരിപാടികളില്‍ പങ്കെടുക്കും. മെയ് 14ന് തെലങ്കാനയില്‍ എത്തുന്ന അമിത് ഷാ, പ്രജാ സംഗ്രമ യാത്രയുടെ സമാപന സമ്മേളത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇവിടെ നിന്നുമാണ് അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്.ഉത്തരാഖണ്ഡില്‍ മെയ് 20, അരുണാചല്‍ പ്രദേശില്‍ മെയ് 21, 22, മഹാരാഷ്‌ട്രയിൽ മെയ് 27, ഗുജറാത്തിൽ 28, 29 എന്നീ തീയതികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം.