കണ്ണൂർ | റെയിൽവേ സ്റ്റേഷനിൽ വിമാനത്താവള മാതൃകയിൽ വാണിജ്യ കെട്ടിടം പണിയുന്നു. വിശ്രമ മുറി, ആധുനിക ശൗചാലയം, ടീ സ്റ്റാൾ, ലഗേജ് സൂക്ഷിപ്പ് മുറി ഉൾപ്പെടെ ഇതിൽ ഉണ്ടാകും. ആദ്യ നിർദേശത്തിൽ ഉണ്ടായിരുന്ന ബ്യൂട്ടി പാർലർ, സ്പാ എന്നിവ പിന്നീട് വരും. ബി ഒ ടി വ്യവസ്ഥയിൽ സ്വകാര്യ കമ്പനികൾക്കാണ് നടത്തിപ്പ്.
റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറ് ഭാഗത്തുള്ള കവാടത്തിന് അരികെയാണ് ട്രാവലേഴ്‌സ് ലോഞ്ച് വരിക. കെട്ടിട നിർമാണത്തിന്റെ ടെൻഡർ നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി തുടങ്ങും. യാത്രക്കാർക്ക് നൂതന വിശ്രമ കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം. മുകളിലും താഴെയുമായി ആറ് മുറികൾ വീതമുണ്ടാകും.
സെൻസറിങ് സാങ്കേതികതയോട് കൂടിയ ശൗചാലയവും യാത്രക്കാർക്ക് വിശ്രമിക്കാനും ലഗേജുകൾ സൂക്ഷിച്ച് വെക്കാനും സൗകര്യവും ഉണ്ടാകും.