സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ തലത്തിൽ ആദ്യ പ്രഖ്യാപനം നടത്തുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനും തയ്യാറാകുന്നു. ഇതിന് മുന്നോടിയായി കോർപ്പറേഷൻ തല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ഓഫീസുകളിലേക്കുള്ള അപേക്ഷ സമർപ്പണം, പണമിടപാട് , തുടങ്ങിയവയെല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കാലത്ത് ടെക്നോളജി അറിയാത്തവരായി ആരും ഉണ്ടാകാൻ പാടില്ലെന്നും എല്ലാവരെയും സാക്ഷരരാക്കാൻ കഴിയുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
വീടുകൾ തോറും കയറി സർവേ നടത്തേണ്ടതിനാൽ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാൻ എല്ലാ അയൽകൂട്ടങ്ങൾക്കും നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു. പദ്ധതിയുടെ നടത്തിപ്പിനും വിജയത്തിനുമായി രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ , ആശവർക്കർ, അംഗൻവാടി ജീവനക്കാർ, യുവജന പ്രസ്ഥാനങ്ങൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ വിപുലമായ യോഗം ചേരുന്നതിന് എല്ലാ കൗൺസിലർമാർക്കും നിർദ്ദേശം നൽകി. ഡിജി കേരളം പദ്ധതിയിൽ വളണ്ടിയറാകാൻ താൽപര്യമുള്ളവൻ ഉടൻ ഗ്രൂപ്പിൽ അംഗമാവണമെന്നും മേയർ അറിയിച്ചു.
കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ശാക്തീകരണം ഉറപ്പാക്കുകയും കോര്‍പ്പറേഷന്‍ നല്‍കുന്ന ദൈനം ദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും, ഓണ്‍ലൈന്‍ സംവിധാനം പരിചയപ്പെടുത്തതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.