ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു.പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഈ പട്ടികയിലേക്ക് 1,465 ക്ഷേത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്.