അഞ്ചരക്കണ്ടി പുഴയിൽ പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് , അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചത് മൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിന് പരിഹാരം കാണാൻ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ പരിഹരിക്കണമെന്ന് കെ സുധാകരൻ എം.പി ജില്ലാ കലക്ടർക്ക് കത്ത് നൽകി ആവശ്യപ്പെട്ടു.
പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയമായ ബണ്ട് നിർമ്മാണം മൂലം അഞ്ചരക്കണ്ടി പുഴ മണ്ണിട്ട് നികത്തി സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനാൽ പിണറായി, വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ആഴ്ചകളായി ദുരിത പൂർണ്ണമാണ്.പിണറായി ,വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലെ കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി വെള്ളകെട്ട് രൂപാന്തരപ്പെട്ട് നിൽക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപയുടെ വലിയ കൃഷിനാശമാണ് രണ്ടാഴ്ചക്കകത്ത് ഉണ്ടായിരിക്കുന്നത്.കൂടാതെ ഈ പ്രദേശത്തെ വീടുകളുടെ സുരക്ഷിതത്വത്തിനും ഭീഷണി നേരിടുകയാണ്.മമ്പറം ടൗൺ പ്രദേശം, കീഴത്തൂർ തൂക്കുപാലത്തിനു സമീപമുള്ള പ്രദേശങ്ങൾ,അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾ പ്രളയ ഭീഷണിയിലുമാണ് .
വെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുന്നതിനാൽ ഈ പ്രദേശങ്ങളിലെ ഒട്ടേറെ വീട്ടുകാർ സ്വന്തം വീട് വിട്ട് കുടുംബ വീടുകളിലും മറ്റ് വീടുകളിലും അഭയം തേടിയിരിക്കുകയാണ്.വിദ്യാലയങ്ങൾ പോലും തുറന്ന് പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, ജില്ലാ കലക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് അഞ്ചരക്കണ്ടി പുഴയുടെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് ഈ പ്രദേശത്തെ ദുരിതത്തിലായ ജനങ്ങളുടെ ജീവനും, സ്വത്തുവകകളും സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി ജില്ലാ കലക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു.