ബി.കോം മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിൽ ഉത്തരവും. കാലിക്കറ്റ് സർവ്വകലാശാലയുടെ ബി.കോം മൂന്നാം സെമസ്റ്റർ കോർപ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച് വന്നത്.ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തിലെ 23-ാമത്തെ ചോദ്യത്തിനൊപ്പമാണ് ഉത്തരവും അച്ചടിച്ച് വന്നത്. ‘വാട്ട് ഈസ് വാല്യൂവേഷൻ ബാലൻസ് ഷീറ്റ്?’ ‘ഡ്രോ എ ഫോർമാറ്റ് ഓഫ് വാല്യൂഷേൻ ബാലൻസ് ഷീറ്റ്’ എന്നീങ്ങനെ രണ്ട് ഭാഗമായിട്ടായിരുന്നു ചോദ്യങ്ങൾ. ചോദ്യത്തിന് പിന്നാലെ ഒന്നര വരിയോളം ഉത്തരവും നീണ്ടുകിടക്കുന്നുണ്ട്. ആറ് മാർക്കിന്റേതായിരുന്നു ചോദ്യം. ഇത് കൂടാതെ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിലുണ്ടായിരുന്ന ഒരു ചോദ്യവും ഇത്തവണ ആവർത്തിച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ അപാകത പരിശോധിക്കുമെന്ന് പരീക്ഷ കൺട്രോളർ ഗോഡ് വിൻ സമ്രാജ് അറിയിച്ചു. പഠന ബോർഡ് ചെയർമാൻ വിഷയത്തിൽ പഠനം നടത്തി വിശദീകരണം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.