//
14 മിനിറ്റ് വായിച്ചു

തൃശൂരിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

തൃശൂർ അതിരപ്പളളിയിൽ മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകൾ പരിശോധിച്ചതിൽ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്തെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനായി പോയ ആളുകൾ നിരീക്ഷണത്തിലാണ്.

കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവർ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. തൃശൂർ ജില്ലയിൽ ഇതു സംബന്ധിച്ച് അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.4 തരം ആന്താക്‌സ് കണ്ടുവരുന്നു. പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്താക്‌സിന്റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ ഇന്‍ജക്ഷന്‍ അന്ത്രാക്‌സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ സമാന ലക്ഷണങ്ങളാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!