/
11 മിനിറ്റ് വായിച്ചു

വേദനയുടെ നാളുകൾക്ക്‌ വിട; അനുപമ വീണ്ടും ചിലങ്കയണിയും

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിലെ അരങ്ങിൽ മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം അനുപമ മോഹൻ ചൊവ്വാഴ്‌ച വീണ്ടും ചിലങ്കയണിയും. അസഹ്യവേദനയുടെ നാളുകളെ അതിജീവിച്ച്‌ കാൽമുട്ടുകൾ മാറ്റിവച്ചശേഷം ആദ്യമായാണ് അനുപമ കൊച്ചിയിലെ അരങ്ങിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്നത്‌. നാലാംവയസ്സിൽ അരങ്ങേറിയ അനുപമയ്‌ക്ക്‌ കാൽമുട്ടുകളിൽ 2019-ലാണ് വേദന പിടിമുറുക്കിയത്.

കോവിഡ് നിയന്ത്രണങ്ങളാൽ കലാവേദികൾ അടഞ്ഞുകിടന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞില്ല. പല ചികിത്സകളും നോക്കി. മുട്ട്‌ മാറ്റിവച്ചാൽപ്പിന്നെ വീൽചെയറിലായിരിക്കും ജീവിതമെന്ന് പലരും പേടിപ്പിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ഡോ. ബിപിൻ തെരുവിലിന്‍റെ ചികിത്സയിൽ മുട്ടുകൾ മാറ്റിവച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുമണിക്കൂറിനുശേഷം എഴുന്നേൽപ്പിച്ച് നടത്തി. ഓരോ ദിവസവും നടത്തത്തിന്‌ ദൂരം കൂട്ടി. പതിയെ ഗോവണിപ്പടികൾ പിടിച്ചുകയറിത്തുടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞ് 28ാം ദിവസം തൃശൂർ റീജണൽ തിയറ്ററിലെ ബാലെയിൽ രണ്ടുമിനിറ്റ് മുദ്ര കാണിച്ചു. 102ാം ദിവസം വിശാഖപട്ടണത്തെ വൈശാഖി നൃത്തോത്സവത്തിൽ പങ്കെടുത്തു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ 175ാംദിവസമാണ്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ചടങ്ങ്‌. ചൊവ്വ വൈകിട്ട്‌ 6.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിലാണ്‌ അനുപമ കുച്ചിപ്പുടി അവതരിപ്പിക്കുന്നത്‌. അരങ്ങിൽ ഒപ്പം എട്ട് ശിഷ്യകളുമുണ്ടാകും.

ആന്ധ്രയിലെ നെല്ലൂരിൽ പിറന്ന അനുപമ നായിഡു, സംവിധായകൻ മോഹന്‍റെ ‘രണ്ടു പെൺകുട്ടികളി’ലൂടെയാണ് സിനിമാതാരമായത്. മോഹനെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം 22 വർഷമായി കൊച്ചിയിലാണ് താമസം. ബിസിനസുകാരായ പുരന്ദർ, ഉപേന്ദർ എന്നിവരാണ് മക്കൾ. വെമ്പട്ടി ചിന്നസത്യത്തിന്‍റെ അരികിൽ 16 വർഷം പരിശീലനം നേടിയ അനുപമ, കടവന്ത്ര കസ്തൂർബാ നഗറിലെ വീടിനരികിൽ കുച്ചിപ്പുടി വിദ്യാലയം നടത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!