/
24 മിനിറ്റ് വായിച്ചു

കറന്‍സിയില്‍ ഗണപതിയും ലക്ഷ്മിയും വേണം; കെജ്‌രിവാളിന്റെ ആവശ്യത്തോട് പ്രതികരിച്ച് ബിജെപി

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ വേണമെന്ന അഭ്യർത്ഥനയെന്ന് പ്രതികരിച്ച് ബിജെപി രംഗത്ത്.

എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടും അവർ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു. വോട്ടെടുപ്പിൽ മുഖം രക്ഷിക്കാൻ അവർ പുതിയ തന്ത്രങ്ങൾ കൊണ്ടുവരുന്നു.രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണ്.  അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു.

ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്രയും കെജ്‌രിവാളിന്‍റെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങള്‍ എന്ന ആശയത്തെ രാഷ്ട്രീയം യു-ടേൺ എന്ന് വിശേഷിപ്പിച്ച് പരിഹസിച്ചു. “അയോധ്യയിലെ രാമക്ഷേത്രത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട് അവിടെ പോകാൻ വിസമ്മതിച്ച അതേ മനുഷ്യനാണ് കെജ്രിവാള്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം കള്ളമാണെന്ന് പറഞ്ഞ് ചിരിച്ചയാളാണ്. ഇത്തരം ഒരാളാണ് ഇത്തരം ആവശ്യവുമായി എത്തുന്നത്”

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. “ഇന്തോനേഷ്യയ്ക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങൾക്കും അത് ചെയ്യാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഐശ്വര്യം വരാൻ ഇത് നടപ്പാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ തന്‍റെ സംഭാഷണം ആരംഭിച്ചത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ നിരവധി നടപടികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതിൽ കൂടുതൽ സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

“നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് വളരെയധികം പരിശ്രമങ്ങൾ ആവശ്യമാണ്, എന്നാൽ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണ്,” കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്റെ പരാമർശത്തിന് പിന്നാലെ, ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയുടെ 20,000 രൂപ നോട്ടിൽ ഗണപതിയുടെ ചിത്രമുണ്ടെന്ന് വിവരം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്തോനേഷ്യൻ ജനസംഖ്യയിൽ 1.6 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. എന്നാൽ, ഇന്തോനേഷ്യയുടെ 20000 രൂപയുടെ നോട്ടിൽ ​ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

വിദ്യാഭ്യാസം പ്രമേയമാക്കിയാണ് ഇന്തോനേഷ്യയുടെ 20000 നോട്ട്.  ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകനും തദ്ദേശീയജനതയുടെ  വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരനുമായിരുന്ന കി ഹജർ ദേവന്താരയുടെയും ചിത്രവും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു. നോട്ടിന്റെ പിൻഭാഗത്ത് ക്ലാസ് റൂമിന്റെ ചിത്രവും കാണാം. വിദ്യാഭ്യാസം പ്രമേയമാക്കിയതിനാലാണ് ​ഗണപതിയുടെ ചിത്രം ഉൾപ്പെട്ടത്.

ഇന്തോനേഷ്യയിൽ ഇന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ അവരുടെ പതാകയിലും ദേശീയ​ഗാനത്തിലും വ്യക്തമാണ്. മജാപഹിത് സാമ്രാജ്യമാണ് ഇന്തോനേഷ്യ ഏറെക്കാലം ഭരിച്ചത്. ഇന്തോനേഷ്യ ഉൾപ്പെടുന്ന 17,000 ദ്വീപുകളിൽ അധികാരവും സ്വാധീനവും ചെലുത്തിയ സാമ്രാജ്യമായിരുന്നു മജാപഹിത്. ഇവർക്ക് ഇന്ത്യൻ സംസ്കാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മധ്യകാല മജാപഹിത് സാമ്രാജ്യത്തിന്റെ കൊടിയിൽ നിന്നാണ് ഇന്തോനേഷ്യയുടെ ചുവപ്പും വെള്ളയും പതാക കടമെടുത്തത്.

ചോള സാമ്രാജ്യവും തങ്ങളുടെ സ്വാധീനം ഇന്തോനേഷ്യയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഗരുഡ പാൻകാസിലയാണ് രാജ്യത്തിന്റെ ദേശീയ ചിഹ്നം. മഹാവിഷ്ണുവിന്റെ പുരാണ പക്ഷി വാഹനമാണ് ഗരുഡൻ. ഇന്തോനേഷ്യൻ ദേശീയ തത്ത്വചിന്തയുടെ അഞ്ച് തത്വങ്ങളാണ് പാൻകാസില. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇന്തോനേഷ്യയിൽ പ്രശസ്തമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!