കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ അർജ്ജുൻ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായുളള പോര് മുറുകുന്നു. മുതിർന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും പാർട്ടി ബോധ്യമില്ലാത്തവരാണെന്ന് വ്യക്തമാണെന്ന് ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും മനു തോമസ് പ്രതികരിച്ചു.”എല്ലാം തുറന്നു പറയും എന്ന് പറഞ്ഞ് ഡിവൈഎഫ്ഐയെ വിരട്ടാൻ നോക്കാതെ പറയാനുള്ളത് തുറന്ന് പറയണം. ബ്ലാക് മെയിൽ ചെയ്തിട്ട് പിന്നിൽ തലയൊളിപ്പിച്ച് നിൽക്കുന്ന പ്രസ്ഥാനമല്ല ഡിവൈഎഫ്ഐ. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നത്”എന്നും മനു ആരോപിച്ചു.കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നുമായിരുന്നു അർജുൻ ആയങ്കിയുടെ മുന്നറിയിപ്പ്. അനാവശ്യകാര്യങ്ങൾക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അതാർക്കും ഗുണം ചെയ്യുകയില്ലെന്നും അർജുൻ ആയങ്കി കുറിപ്പിൽ പറഞ്ഞിരുന്നു.