മരുന്നു കൊണ്ടും , ഇന്‍സുലിന്‍ കൊണ്ടും നിയന്ത്രിക്കാനാവാത്ത പ്രമേഹരോഗമുള്ളവര്‍ക്ക് ആശ്വാസമായിക്കൊണ്ട് കണ്ണൂര്‍ ജില്ലയിലാദ്യമായി കൃത്രിമ പാന്‍ക്രിയാസ് (അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് ഇന്‍സുലിന്‍ പമ്പ്) പ്രമേഹ രോഗിയില്‍ വിജയകരമായി സ്ഥാപിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലുളള ടൈപ്പ് വണ്‍ പ്രമേഹബാധിതനായ കുഞ്ഞിനെയാണ് അത്യാധുനിക ഹൈബ്രിഡ ക്ലോസ്ഡ് ലൂപ് ഇന്‍സുലിന്‍ പമ്പ് തെറാപ്പിക്ക് വിധേയനാക്കിയത്. ദിവസം 4 തവണയോളം ഇന്‍സുലിന്‍ കുത്തിവെച്ചിട്ടും, ഭക്ഷണകാര്യങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ശരീരത്തിലെ ഗ്ലൂക്കോസിന്റെ നില അനിയന്ത്രിതമായി വര്‍ദ്ധിക്കുകയോ കുറഞ്ഞ് പോവുകയോ ചെയ്യുന്നതായിരുന്നു രോഗിയുടെ അവസ്ഥ. ഇന്‍സുലിന്‍ കുത്തിവെക്കുന്നതിന് പുറമെ ദിവസവും പലതവണകളിലായി പ്രമേഹ പരിശോധനയ്ക്കുള്ള കുത്തിവെപ്പും കുഞ്ഞിന് നടത്തേണ്ടി വന്നിരുന്നു. ഇത്തരം ദുരിതപൂര്‍ണ്ണമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് കുഞ്ഞിനെ ഹൈബ്രിഡ് ക്ലോസ്ഡ് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
എ ടി എം കാർഡിന്റെ വലുപ്പത്തിലുള്ള ഉപകരണം ശരീരത്തിന് പുറത്ത് വെക്കുകയും ഇതിന്റെ നേര്‍ത്ത കുഴല് ശരീരത്തിനുള്ളിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യുന്നത്. തുടര്‍ന്ന് ഓരോ നിമിഷവും ഈ ഉപകരണം ശരീരത്തിലെ ഗ്ലൂക്കോസിന്റെ നില വിശകലനം ചെയ്തുകൊണ്ടേയിരിക്കും. അതിന്റെ റിസൾട്ട് മൊബൈൽ ഫോൺ വഴി ഡോക്ടറിനും രോഗിയുടെ ബന്ധപെട്ടവർക്കും ലഭിക്കുന്നു എന്നത് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ് ഗ്ലൂക്കോസ് ഉയരുന്ന സാഹചര്യം സജ്ജാതമാവുകയാണെങ്കില്‍ ഉപകരണം തന്നെ ആവശ്യമായ ഇന്‍സുലിന്റെ അളവ് നിര്‍ണ്ണയിച്ച് ഇതോടൊപ്പമുള്ള ഇന്‍സുലിന്‍ പമ്പിന് നിര്‍ദ്ദേശം നല്‍കുകയും രോഗി അറിയാതെ തന്നെ ഇന്‍സുലിന്‍ ശരീരത്തിലേക്ക് എത്തിച്ച് പ്രമേഹത്തെ നിയന്ത്രണ വിധേയമായി നിലനിര്‍ത്തുകയും ചെയ്യും. ഇതോടൊപ്പം തന്നെ പ്രമേഹം നിര്‍ദ്ദിഷ്ട അളവില്‍ താഴ്ന്ന് പോകുന്ന അവസ്ഥ വന്നാല്‍ ഉപകരണം അത് തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളും സ്വയം നടത്തും. വസ്ത്രത്തിനുള്ളിലായി ഘടിപ്പിക്കുന്നതിനാല്‍ ഉപകരണത്തെ പുറത്തു നിന്ന് കാണുകയില്ല. സ്പോര്‍ട്സ്, നീന്തല്‍, വ്യായാമം, ഉറക്കം തുടങ്ങിയവയ്ക്കൊന്നും ഈ ഉപകരണം തടസ്സമാവുകയുമില്ല.
അനിയന്ത്രിതമായ രീതിയില്‍ പ്രമേഹ ബാധിതരായവര്‍ക്ക് വലിയ ആശ്വാസമായിരിക്കും ഈ അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് ഇന്‍സുലിന്‍ പമ്പ്’ എന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. അര്‍ജ്ജുന്‍ ആര്‍ പറഞ്ഞു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ സേവനം കൂടുതല്‍ മികവുറ്റ രീതിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി വിഭാഗം കൂടി ആരംഭിക്കും . വാർത്താസമ്മേളനത്തിൽ ഡോ. അര്‍ജ്ജുന്‍ ആര്‍, ശ്രീ. വിവിൻ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.