കണ്ണൂര്‍ : തലച്ചോറിലെ ധമനിയിലുണ്ടാകുന്ന അസാധാരണമായ വീക്കമാണ് അന്യൂറിസം എന്ന് പറയുന്നത്. അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ വീക്കം പൊട്ടിപ്പോയാല്‍ തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാവുകയും, സ്‌ട്രോക്ക് സംഭവിക്കുകയും മരണം ഉള്‍പ്പെടെയുള്ള പ്രത്യാഘതങ്ങളിലേക്ക് നയിക്കാനിടയാവുകയും ചെയും. തല തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സാധാരണ ഗതിയില്‍ ഈ അന്യൂറിസം നീക്കം ചെയ്യുക. ഈ മേഖലയിലുണ്ടായ ഏറ്റവും നൂതനമായ ചികിത്സാ പുരോഗതിയാണ് ഫ്‌ളോ ഡൈവര്‍ട്ട് എന്നത്. തല തുറക്കാതെ തുടയിലെ രക്തക്കുഴലുകൾ വഴി അന്യൂറിസം ബാധിച്ച തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം സ്ഥാപിച്ച് അന്യൂറിസത്തെ അതിജീവിക്കുന്ന രീതിയാണിത്.
ആഗോളതലത്തില്‍ തന്നെ നൂതനമായ ഈ ചികിത്സാ രീതി ഉത്തര മലബാറില്‍ ആദ്യമായി ആസ്റ്റര്‍ മിംസ് കണ്ണൂരിൽ യാഥാര്‍ത്ഥ്യമായി. അസാധാരണമായ തലവേദനയുമായി ചികിത്സ തേടിയെത്തിയ 40 വയസ്സുകാരിയിലാണ് ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്. സാധാരണ ശസ്ത്രക്രിയയിലൂടെ ഈ അന്യൂറിസം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ഡോ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സയുടെ സാധ്യതയെ പറ്റി ചിന്തിച്ചത്. ബന്ധുക്കളെ കാര്യങ്ങളുടെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി അവരുടെ സമ്മതത്തോടെ രോഗിയെ ഫ്‌ളോ ഡൈവട്ടര്‍ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.